ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. രണ്ടാമത്തെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 52 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യ ഘട്ടം പുറത്തുവിട്ടത്. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇതുവരെ 88 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇതോടെ പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന നേതാക്കളുമായി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കമ്മിറ്റി യോഗത്തിൽ അന്തിമ പട്ടിക അംഗീകരിച്ചത്. ബിജെപി തെലങ്കാന മുൻ അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ ഉൾപ്പെടെ മൂന്ന് ലോക്സഭാ എംപിമാർ ആദ്യ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ബിആർഎസ് നേതൃത്വം നൽകുന്ന ഭരണത്തിൽ കെടുകാര്യസ്ഥതയാണ് അരങ്ങേറുന്നതെന്നും ഭരണം തെലങ്കാനയെ ദരിദ്ര സംസ്ഥാനമാക്കി മാറ്റിയെന്നും കഴിഞ്ഞ ദിവസം അമിത് ഷാ ആരോപിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരടക്കം മുതിർന്ന കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തെ പ്രചാരണ റാലികളിൽ പങ്കെുത്തിരുന്നു. നവംബർ 30-നാണ് തിരഞ്ഞെടുപ്പ്.















