എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പ്രവർത്തനളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മലപ്പുറത്ത് സോളിഡാരിറ്റിയുടെ പലസ്തീൻ ഐക്യദാർഡ്യ പരിപാടിയിൽ ആഗോള ഭീകര സംഘടനയായ ഹമാസിന്റെ നേതാവ് ഖാലിദ് മിഷ്അൽ പ്രസംഗിച്ചതൊടെ ഭീകര സംഘടനകളുമായി ജമാത്തെ ഇസ്ലാമി ഹിന്ദിനും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനുമുള്ള ബന്ധമാണ് പുറത്തുവന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
സോളിഡാരിറ്റിയുടെ ഭീകര സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് കെ. ഷൈനു ആവശ്യപ്പെട്ടു. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ, വിദേശബന്ധം, സിഎഎ, കർഷകസമരം തുടങ്ങിയവയിലെ ഇടപെടൽ, രാജ്യത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതികൾക്കെതിരായ നീക്കങ്ങൾ, ലഘുലേഖകൾ, പ്രസംഗങ്ങൾ, നേതാക്കളുടെ യാത്രകൾ, തുടങ്ങിയവയെല്ലാം സമഗ്രമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകര സംഘടനകളോട് സിപിഎം മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുമ്പോൾ പരിപാടികൾക്ക് അനുവാദം നല്കാറുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിലൂടെ അത് ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുകയാണ്. ആഗോള ഭീകരൻ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നൽകിയത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ഷൈനു കൂട്ടിച്ചേർത്തു.