ശ്രീനഗർ: ബംഗ്ലാദേശ് അതിർത്തി വഴി സ്വർണക്കടത്ത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് 60 സ്വർണ്ണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൂരജ് മാഗ് എന്ന 23-കാരനാണ് പിടിയിലായത്.
സേനയ്‌ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സൂരജിനെ പിടികൂടിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ വെള്ള ടേപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. ഏഴ് കിലോയോളം സ്വർണമാണ് ബിഎസ്എഫ് കണ്ടെടുത്തത്. ഏകദേശം 4.33 കോടി രൂപ വില വരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഒരു വർഷത്തോളമായി ട്രക്ക് ഓടിച്ചിരുന്നതായും കൊൽക്കത്തയിൽ നിന്ന് ചരക്കുകളുമായി ബംഗ്ലാദേശിലേക്ക് പതിവായി യാത്ര ചെയ്തിരുന്നതായും ഡ്രൈവർ വെളിപ്പെടുത്തി.ചരക്ക് ഇറക്കി വരും വഴിയാണ് സ്വർണക്കടത്തെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുവരികയാണ്.















