ന്യൂഡൽഹി: മഹുവ മൊയ്ത്ര ഇരവാദം കളിക്കുകയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. കമ്മിറ്റി അവരോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ താൻ രാഷ്‌ട്രീയം വിടുമെന്നും നിഷികാന്ത് ദുബെ പറയുന്നു. വ്യക്തിപരമായ ഒരു കാര്യം പോലും മഹുവയോട് ചോദിച്ചിട്ടില്ല. അങ്ങനെ തെളിഞ്ഞാൽ രാഷ്‌ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.
ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്ര ഇന്നലെ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായിരുന്നു. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ തന്നോട് ചോദിച്ചുവെന്നും, മോശം ഭാഷയിൽ സംസാരിച്ചുവെന്നും ആരോപിച്ച് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിലും ഇവർ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. വൃത്തികെട്ട ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത് എന്നായിരുന്നു ഇവരുടെ ആരോപണം.
എന്നാൽ രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തുന്ന നീക്കമാണ് മഹുവയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. മഹുവ ഇന്ത്യയിലായിരിക്കെ അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ദുബായിൽ നിന്ന് മറ്റാരോ ഉപയോഗിച്ചിരിക്കുന്നു. പ്രധാനമന്ത്രി, ധനകാര്യമന്ത്രി, സുരക്ഷാ ഏജൻസികൾ എന്നിവർ മാത്രം ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണിത്. തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ഇനിയും ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കാനാണോ തീരുമാനിച്ചിരിക്കുന്നതെന്നും നിഷികാന്ത് ദുബെ ചോദിക്കുന്നു. അന്വേഷണ ഏജൻസികൾക്ക് തെളിവുകളും വിവരങ്ങളും കൈമാറിയതായും അദ്ദേഹം പറഞ്ഞു.















