ടെസ്ല സിഇഒ ഇലോൺ മസ്കിന് ഭാരതവുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. പ്രമുഖ വ്യവസായിയായ ഇലോൺ മസ്കിന്റെ മകന്റെ പേരിലാണ് ഭാരതവുമായുള്ള ബന്ധം തുളുമ്പുന്നത്. ഒരു ഭാരതീയനോടുള്ള സ്മരണാർത്ഥമാണ് മകന്റെ പേരിൽ അത് ചേർത്തിരിക്കുന്നതെന്നാണ് ഇലോൺ മസ്ക് ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിലാണ് ഭാരതവുമായുള്ള തന്റെ അഭേദ്യമായ ബന്ധം ഇലോൺ മസ്ക് പറഞ്ഞിരിക്കുന്നത്. 1983-ൽ ഭൗതിക ശാസ്ത്രത്തിൽ നോബേൽ പുരസ്കാരം നേടിയ പ്രൊഫ. ചന്ദ്രശേഖറിനോടുള്ള ആദര സൂചകമായാണ് തന്റെ മകന്റെ പേരിനോടൊപ്പം ചന്ദ്രശേഖർ എന്ന പേരും ചേർത്തിരിക്കുന്നതെന്ന് മസ്ക് പറഞ്ഞു.
കേന്ദ്ര മന്ത്രി തന്നെയാണ് ഇക്കാര്യം എക്സിലൂടെ വെളിപ്പെടുത്തിരിക്കുന്നത്. ബ്രിട്ടണിൽ നടന്ന ഗ്ലോബൽ എഐ ഉച്ചക്കോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇലോൺ മസ്കുമായുള്ള സംസാര വേളയിലാണ് തനിക്കും പങ്കാളിയായ സിവോണിനും ജനിച്ച കുഞ്ഞിന് ചന്ദ്രശേഖർ എന്ന പേര് ചേർത്തിരിക്കുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.