മുംബൈ: ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ പോലീസ് കേസെടുത്തു. താരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്ന തരത്തിലുള്ള വ്യാജ വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ഉർഫിക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. സംഭവത്തിൽ ഉർഫിയെ അറസ്റ്റു ചെയ്യുന്ന വ്യാജ പോലീസുകാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈയിലെ ഒരു കഫേയിൽ വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിൽ വീഡിയോ തയ്യാറാക്കി താരം പ്രചരിപ്പിക്കുകയായിരുന്നു. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉർഫിയുടെ അടുത്ത് ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് ഉർഫി ചോദിക്കുമ്പോൾ, പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയതിന് എന്നാണ് വ്യാജ പോലീസ് പറയുന്നത്.
ഉർഫിയെ പോലീസ് വാഹനത്തിൽ കയറ്റുന്നതും കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇത്തരത്തിൽ ഒരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മുംബൈ ഡി.സി.പി കൃഷ്ണകാന്ത് ഉപാധ്യായ് വ്യക്തമാക്കി. പോലീസായി വേഷമിട്ടവർക്ക് 10,000 രൂപ വീതം ഉർഫി പ്രതിഫലമായി നൽകിയതായാണ് വിവരം.
അതേസമയം വീഡിയോ വൈറലായതോടെ ഉർഫി തന്നെ രംഗത്തെത്തിയിരുന്നു. താൻ ഇപ്പോൾ വിദേശത്താണെന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചു. നിലവിൽ താരത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. സമൂഹമാദ്ധ്യമങ്ങളിൽ താരത്തിന് ഫോളോവേഴ്‌സിനെ കൂട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു മോശം പ്രവൃത്തി ചെയ്തതെന്നും പോലീസ് പറഞ്ഞു.