തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്ക് മുകളിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇന്നലെ രാത്രിയോടെ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ച് അറബിക്കടലിൽ എത്തിച്ചേർന്നതിന്റെ ഫലമായാണ് പകൽ സമയത്തടക്കം മഴ ശക്തമാകാൻ കാരണം. കൂടാതെ തെക്കൻ തമിഴ്‌നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ നിന്ന് കിഴക്കൻ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ ശക്തമാകാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിങ്കളാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. ജനങ്ങൾ ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.















