റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാദേവ് ആപ്പ് വാതുവെപ്പ് തട്ടിപ്പിൽ അകപ്പെട്ടതിന് പിന്നാലെയാണ് ബാഗലിനെതിരെ പ്രധാനമന്ത്രി അക്രമത്തിന് മൂർച്ച കൂട്ടിയത്. ഛത്തീസ്ഗഡിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ദുർഗ്ഗിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ലെന്നും ഭഗവാന്റെ പേര് പോലും അതിനായി അവർ ദുരുപയോഗം ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് റായ്പൂരിൽ ഇഡി ഒരു വൻ ഓപ്പറേഷൻ നടത്തി. അനധികൃത നോട്ട് ശേഖരമാണ് പരിശോധനയിൽ കണ്ടെത്തിയത്. ചൂതാട്ടക്കാരുടെയും വാതുവെപ്പുകാരുടെയും പണമാണ് അത്. ഈ അനധികൃത സമ്പാദ്യത്തിന്റെ ഉറവിടം കോൺഗ്രസിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ പണംകൊണ്ട് കോൺഗ്രസുകാർ വീടുകൾ നിറയ്‌ക്കുകയാണ്. ആരോപണ വിധേയരുമായി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും എന്ത് ബന്ധമാണുള്ളതെന്ന് ഛത്തീസ്ഗഡിലെ ജനങ്ങളോട് കോൺഗ്രസ് പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ അഴിമതികളും അന്വേഷിക്കും. ഛത്തീസ്ഗഡിനെ കൊള്ളയടിക്കുന്നവർക്കെതിരെ തീർച്ചയായും നടപടിയെടുക്കും. അവരെകൊണ്ട് ഓരോ ചില്ലിക്കാശിന്റെയും കണക്ക് പറയിക്കും. ഒന്നിനുപിറകെ ഒന്നായി വന്ന അഴിമതികൾ ഛത്തീസ്ഗഡ് സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കി. 2000 കോടിയുടെ മദ്യ അഴിമതി, 500 കോടിയുടെ സിമന്റ് അഴിമതി, 5,000 കോടിയുടെ അരി തട്ടിപ്പ്, 1,300 കോടിയുടെ ഗൗതൻ കുംഭകോണം, 700 കോടിയുടെ ഡിഎംഎഫ് കുംഭകോണം, കൊള്ളയ്‌ക്കുള്ള ഒരു അവസരവും കോൺഗ്രസ് പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ അഴിമതികളെല്ലാം അന്വേഷിക്കും. ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ ജയിലിലേക്ക് അയക്കും. കോൺഗ്രസ് സർക്കാരിന്റെ റിപ്പോർട്ട് കാർഡിൽ അഴിമതികളാണുള്ളത്. ജനങ്ങൾക്ക് ജോലി നിഷേധിക്കുകയും പകരം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി നൽകുകയാണ് കോൺഗ്രസ്. ഇതിനാണ് അവർ മുൻഗണന നൽകുന്നത്. പാവപ്പെട്ടവർക്ക് വഞ്ചന അല്ലാതെ ഒന്നും കോൺഗ്രസ് നൽകിയിട്ടില്ല. സാധാരണക്കരെ ബഹുമാനിക്കാനോ അവരുടെ വേദനയും കഷ്ടപ്പാടും മനസിലാക്കനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലൈന്നും പ്രധാനമന്ത്രി ആരോപിച്ചു.
മഹാദേവ് ആപ്പ് തട്ടിപ്പിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഇഡി വെളിപ്പെടുത്തിയിരുന്നു. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ 508 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്നാണ് ഇഡി പറഞ്ഞത്. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങൾക്കെതിരെ ഇഡി സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള സൂചന പുറത്തുവന്നത്. എന്നാൽ ഇതെല്ലാം സംസ്ഥാന സർക്കാരിനെ വീഴ്‌ത്താൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളാണെന്നായിരുന്നു ഛത്തീസ്ഗഡ് മുുഖ്യമന്ത്രിയുടെയും കോൺഗ്രസിന്റെ വാദങ്ങൾ.















