തിരുവനന്തപുരം: കേരളീയത്തിനായി കോടികൾ പൊടിപൊടിക്കുമ്പോഴും പച്ചത്തേങ്ങ സംഭരിച്ച വകയിൽ കേരാഫെഡിന് സർക്കാർ നൽകാനുള്ളത് കോടികൾ. കർഷകർക്ക് 18 കോടി രൂപയാണ് കേരാഫെഡ് നൽകാനുള്ളത്. പണം കിട്ടാത്ത അവസ്ഥയിൽ നഷ്ടം സഹിച്ചും പൊതുവിപണിയിൽ നാളികേരം വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ.
പൊതുവിപണിയിൽ നാളികേരം വിൽക്കുമ്പോൾ കർഷകർക്ക് നഷ്ടം സംഭവിക്കുന്നത് തടയാനായിരുന്നു താങ്ങ് വിലയ്‌ക്ക് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ കേരാ ഫെഡെിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ തേങ്ങ സംഭരിച്ച് മാസങ്ങൾ പിന്നിടുമ്പോഴും കർഷകർക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയാണ് കേരാഫെഡിന് നിലവിലുള്ളത്.
പൊതുവിപണിയിൽ 29 രൂപയാണ് ഒരു കിലോ നാളികേരം വിൽക്കുമ്പോൾ കർഷകർക്ക് പണം ലഭിക്കുന്നത്. നഷ്ടമാണെങ്കിലും ഉടൻ പണം ലഭിക്കുന്നതിനാൽ കർഷകർ കൂടുതലായി പൊതുവിപണിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് . സംസ്ഥാന സർക്കാരിൽ നിന്നും പണം ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നും കർഷകർക്ക് കൊടുക്കാനുള്ള തുക ഈ മാസം തന്നെ കൊടുത്തു തീർക്കുമെന്നും കേരാ ഫെഡ് അധികൃതർ അറിയിച്ചു.















