എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുർപദ്വന്ത് സിംഗ് പന്നു. യുഎസിൽ തുടരുന്ന പന്നു സമാനമായ പല ഭീഷണികളും ഇതിന് മുൻപ് മുഴക്കിയിട്ടുണ്ട്. നവംബർ 19 ന് എയർ ഇന്ത്യ വിമാനങ്ങളിൽ ബോംബ് വെക്കുമെന്നാണ് ഇത്തവണ ഉയർത്തിയിരിക്കുന്ന ഭീഷണി. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പന്നുവിന്റെ ഭീഷണി. അന്നേ ദിവസം സിഖ് വംശജർ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 19ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാരിനും പന്നു ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്.
നവംബർ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി എയർഇന്ത്യ വിമാനം തകർക്കുമെന്നും സിഖ് സമൂഹം എയർഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പന്നു പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. സിഖ് സമൂഹത്തിലെ അംഗങ്ങൾ ആരും തന്നെ നവംബർ 19 മുതൽ എയർ ഇന്ത്യ സർവീസുകൾ ഉപയോഗിക്കരുതെന്നും ഇത് ജീവന് അപകടമുണ്ടാക്കുമെന്നും പന്നു പറയുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റ് മാമാങ്കം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് നോരെയും പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. നവംബർ 19ന് അഹമ്മദാബാദിൽ നടക്കാൻ പോകുന്നത് ഏകദിന ക്രിക്കറ്റ് ഫൈനൽ അല്ലെന്നും ലോക ടെറർ കപ്പിന്റെ ഫൈനലാണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പന്നൂ പറയുന്നത്. ഒക്ടോബർ 5ന് ആദ്യ മത്സരം നടന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെയും പന്നൂൻ സമാനമായ ഭീഷണി ഉയർത്തിയിരുന്നു.
പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഖലിസ്ഥാൻ ആരംഭിച്ചെന്നും ഇന്ത്യയ്‌ക്ക് അത് തടയാനാവില്ലെന്നുമാണ് പന്നു പറയുന്നത്. പഞ്ചാബ് സ്വാതന്ത്ര്യം നേടുമെന്നും അന്ന് വിമാനത്താവളത്തിന്റെ പേര് ‘ഷഹീദ് ബിയാന്ത് സിംഗ് ഷഹീദ് സത്വന്ത് സിംഗ് ഖലിസ്ഥാൻ’ എന്നാക്കും.
ഇന്ദിരാഗാന്ധി വധത്തിന് പിന്നിലെ ഭീകരവാദികളാണ് ബിയാന്ത് സിംഗ് സത്വന്ത് സിംഗും. കാനഡയും ഇന്ത്യയും തമ്മിൽ തുടരുന്ന നയതന്ത്ര പ്രതിസന്ധിക്കിടെയാണ് പന്നുവിന്റെ ഭീഷണി. ഇത് ആഗോളതലത്തിൽ കനഡയ്‌ക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കും.















