എറണാകുളം: കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിംഗ് എന്ന് അധികൃതർ അറിയിച്ചു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്ത് സമീപം നേവൽ എയർ സ്റ്റേഷൻ ഐഎൻഎസ് ഗരുഡയിലെ റൺവേയിലായിരുന്നു അപകടം. ഹെലികോപ്റ്റർ റൺവേയിൽ ഉണ്ടായിരുന്നപ്പോൾ തന്നെയായിരുന്നു അപകടം സംഭവിച്ചത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കിടയിൽ റോട്ടർ ബ്ലേഡ് യോഗേന്ദ്ര സിംഗിന്റെ ദേഹത്ത് തട്ടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നാവികസേന ഇത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് വിശദമായി അന്വേഷിക്കും. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.















