ന്യൂഡൽഹി: ചോദ്യത്തിന് പണം ആരോപണത്തിൽ ലോക്സഭ എത്തിക്സ് കമ്മിറ്റിയിൽ വച്ച് ചെയർമാൻ വിനോദ് സോങ്കറിനെ മഹുവ മൊയ്ത്ര അധിക്ഷേപിച്ചു എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. സമിതി അദ്ധ്യക്ഷനെ നീചനെന്നും ബിഹാരി ഗുണ്ടയെന്നും ജാർഖണ്ഡി നായയെന്നും തുടങ്ങി വളരെ നിന്ദ്യമായി അധിക്ഷേപിക്കുകയായിരുന്നു മൊയ്ത്ര എന്നാണ് ദുബെ പറഞ്ഞത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തി കൂടിയാണ് വിനോദ് സോങ്കർ. അഴിമതിക്ക് രാജ്യസുരക്ഷ വിൽക്കാൻ സ്ത്രീയായാൽ മതി എന്നതണ് മൊയ്ത്രയുടെ വാദം. ഈ വാദത്തിൽ മൊയ്ത്രയെ പിന്തുണയ്‌ക്കുന്ന പ്രതിപക്ഷ എംപിമാർ സലാം പറയണമെന്നും ഇരകളുടെ കാർഡ് ശരിയായി കളിക്കാമായിരുന്നു എന്നും ദുബെ കൂട്ടിച്ചേർത്തു.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത് ഭീരുത്വമാണോ അതോ സ്ത്രീ കാർഡ് കളിച്ചതിന്റെ ഫലമാണോ അതോ കളവ് പിടിക്കപ്പെട്ടതിന്റെ ഭയമാണോ? സത്യത്തിനായുള്ള പോരാട്ടം താൻ തുടരും. മഹുവജിയുടെ പരാമർശങ്ങൾ തനിക്ക് ശക്തി പകരുകയാണെന്നും ദുബെ പറഞ്ഞു. അതേസമയം, മൊയ്ത്ര മോശം ഭാഷ ഉപയോഗിച്ചതായി സോങ്കറും ആരോപിച്ചു. ഉത്തരം നൽകുന്നതിനുപകരം മഹുവ ദേഷ്യപ്പെടുകയും ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങൾക്കുമായി മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഡാനിഷ് അലിയും ഗിർധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്തി ഇറങ്ങിപ്പോയെന്നായിരുന്നു സോങ്കർ പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പാർലമെന്റിൽ അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് എത്തിക്‌സ് കമ്മിറ്റി ചേർന്നത്. മൊയ്ത്രയുടെ മുൻ പങ്കാളിയായ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ദുബെ ആരോപണം ഉന്നയിച്ചത്. ഹിരാനന്ദാനി ഗ്രൂപ്പ് ആദ്യം ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞെങ്കിലും മൊയ്ത്ര പാർലമെന്റ് ലോഗിൻ നൽകിയതായി പിന്നീട് ലോക്സഭാ സ്പീക്കർക്ക് സത്യവാങ്മൂലം സമർപ്പിച്ചു. എത്തിക്സ് പാനലിന് മുമ്പാകെ വ്യാഴാഴ്ചയാണ് മൊയ്ത്ര ഹാജരായത്. എന്നാൽ തന്നോട് ധാർമ്മികമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ച് മൊയ്ത്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.















