ബെർലിൻ: ആയുധധാരിയ ഒരാൾ വിമാനത്താവളത്തിനുള്ളിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു. ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിലായിരുന്നു സംഭവം. തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി വെക്കുകയും എല്ലാ ടെർമിനലുകളും പൂട്ടിയിടുകയും ചെയ്തു. റഷ്യൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
അജ്ഞാതനായ ഒരാളെ ടെർമനലിന് മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നു. കാറിൽ ആക്രമകാരിക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് ഇയാൾ പ്രകോപിതനായി സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വിമാനത്താവളത്തിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സ്ഥലത്തേയ്‌ക്ക് കടന്നു കയറി വെടിയുതിർക്കുകയായിരുന്നു. ശേഷം രക്ഷപ്പെടുന്നതിന് മുൻപായി കാറിലെത്തിയും ഇയാൾ രണ്ട് പ്രാവശ്യം വെടിവെയ്പ് നടത്തി.
തന്റെ ഭർത്താവാണ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയതെന്ന് ഒരു സ്ത്രീ പോലീസിനെ അറിയിച്ചു. കാറിലുണ്ടായിരുന്നത് തന്റെ കുട്ടികളാണെന്നും അവരെ ഭർത്താവ് തട്ടിക്കൊണ്ടുപോയതാണെന്നും അവർ പോലീസിനോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഹാംബർഗ് വിമാനത്താവളത്തിൽ അടുത്ത 24 മണിക്കൂറിൽ സർവ്വീസുകളും ലാൻഡിംഗുകളും ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചു.















