ലണ്ടൻ: ഹിന്ദുക്കൾക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങൾക്കെതിരെ ലണ്ടൻ അസംബ്ലിയിൽ പ്രമേയം. ബ്രിട്ടീഷ്- ഇന്ത്യൻ വംശജനായ കൃപേഷ് ഹിരാനിയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഹിന്ദു സമൂഹം അഭിമുഖീകരിക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കാജനകമായ വർദ്ധയുണ്ടായിതായി അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മെട്രോപൊളിറ്റൻ പോലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഫോബിയയുടെ വിവിധ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൃപേഷ് ഹിരാനിയുടെ പ്രസംഗം.
2022-2023 കാലത്ത് ഹിന്ദുക്കൾക്കെതിരെ 291 കുറ്റകൃത്യങ്ങൾ നടന്നതായി യുകെ ഹോം ഓഫീസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നതായും അദ്ദഹം പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 161 എണ്ണത്തിന്റെ വർദ്ധനവാണ് ഉള്ളത്. ലണ്ടനിലെ ഹിന്ദു സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മെട്രോപൊളിറ്റൻ പോലീസ് സർവീസ് അവരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലിക്ക് മുന്നോടിയായാണ് ഹിരാനി പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ ഹിന്ദു സമൂഹം വിപുലമായ രീതിയിൽ ദീപാവലി ആഘോഷിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.















