തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരമന സ്വദേശി ശിവയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മാനവീയം വീഥിയിൽ യുവാക്കളുടെ കൂട്ടയടി നടന്നത്. പൂന്തുറ സ്വദേശിയായ യുവാവിനെയാണ് ഒരുകൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. യുവാവിനെ സംഘം ചേർന്ന് ആളുകൾ മർദ്ദിക്കുമ്പോൾ മറ്റ് യുവാക്കൾ ചുറ്റും നിന്ന് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘നൈറ്റ് ലൈഫ് ‘ എന്ന ആശയത്തിന് കേരളത്തിൽ ആദ്യമായി തുടക്കമിട്ട വേദിയാണ് മാനവീയം വീഥി. നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ ചെറുതും വലുതുമായ സംഘർഷങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെയും പൂന്തുറ സ്വദേശിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും സംഘർഷത്തിന് ഇടയാക്കിയ സാഹചര്യം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.















