പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കലിൽ ഫാസ്ടാഗ് അധിഷ്ഠിത പാർക്കിംഗ് സൗകര്യം ഒരുക്കും. തീർത്ഥാടനത്തിനോടനുബന്ധിച്ച് നിലയ്‌ക്കലിലെ ടോൾ പിരിവ് നടത്തിപ്പ് ഐസിഐസിഐ ബാങ്ക് ഏറ്റെടുത്തു. ടോൾ ഗേറ്റിന്റെ ഉദ്ഘാടനം 10ന് നടക്കും.
നിലയ്‌ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിലാണ് ഗേറ്റ് സ്ഥാപിക്കുന്നത്. ബസിന് 100 രൂപ, മിനി ബസിന് 75 രൂപ, 4 മുതൽ 14 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 50 രൂപ, 4 സീറ്റുള്ള കാർ, ജീപ്പ് തുടങ്ങിയവയ്‌ക്ക് 30 രൂപ, ഓട്ടോ 15 രൂപ എന്നിങ്ങനെയാണ് ടോൾ നിരക്ക്.
അതേസമയം പമ്പയിൽ ഇത്തവണയും ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് ഉണ്ടാകില്ല. മന്ത്രിതല യോഗത്തിന്റെതാണ് തീരുമാനം. പ്രളയത്തിൽ തകർന്ന ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ട് നവീകരിച്ചെങ്കിലും പാർക്കിംഗിനായി തുറന്നു നൽകേണ്ടതില്ലായെന്ന് തീരുമാനിക്കുകയായിരുന്നു.















