തൃശൂർ: മലക്കപ്പാറയിൽ പിഞ്ചു കുഞ്ഞിനായി ആംബുലൻസ് വിട്ടുനൽകാത്ത സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാറാണ് കേസെടുത്തത്. അതിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയോടും ട്രൈബൽ ഓഫീസറോടും ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യാനാണ് കമ്മീഷന്റെ നീക്കം.
ജിപിഎസ് പ്രവർത്തിക്കാത്തതിനാലാണ് വീരാൻകുടി ഊരിലെ ആറുമാസം പ്രായമുള്ള അപസ്മാരം ബാധിച്ച കുഞ്ഞിന് ആംബുലൻസ് വിട്ട് നൽകാതിരുന്നതെന്നാണ് ന്യായീകരണം. ആംബുലൻസ് കിട്ടാതെ രണ്ടര മണിക്കൂറോളം പിഞ്ചു കുഞ്ഞ് അവശനിലയിൽ ആശുപത്രിയിൽ കഴിയേണ്ടി വന്നു.
വനത്തിലൂടെയാണ് കുഞ്ഞിനെ മലക്കപ്പാറയിലെ റോഡരികിൽ എത്തിച്ചത്. ട്രൈബൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ കുഞ്ഞിനെ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ സ്ഥിതി ഗുരുതരമായതിനാൽ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ട്രൈബൽ ആശുപത്രിയിലെ ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ജിപിഎസ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് വിട്ട് നൽകിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നീട് കുഞ്ഞിനെ ടാക്സിയിൽ തമിഴ്നാട്ടിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.















