എറണാകുളം: നഗരങ്ങളിലെ തെരുവ് കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗത്തിനായി കുടുംബശ്രീ മുഖേന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടപ്പിലാക്കിയ പിഎം സ്വാനിധി പദ്ധതി സംസ്ഥാനത്ത് വൻ വിജയം. പദ്ധതി മുഖേന ഇതുവരെ വായ്പ സ്വന്തമാക്കിയത് 51,046 ആളുകളാണ്. ഈ വർഷം ഡിസംബറിനുള്ളിൽ പരമാവധി കച്ചവടക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തി മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ ഉപജീവനമാർഗം നഷ്ടമായ നിരവധി തെരുവ് കച്ചവടക്കാർ ഉണ്ടായിരുന്നു. ഇവർക്ക് തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിന് സഹായകമാകുന്ന ചെറുകിട വായ്പാ സൗകര്യമാണ് ഈ പദ്ധതി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നിലവിൽ തിരിച്ചടവ് പൂർത്തിയാക്കിയ 6,531 ഗുണഭോക്താക്കൾക്ക് രണ്ടാം ഘട്ട വായ്പ നൽകിയിട്ടുണ്ട്. 1,926 ആളുകൾക്ക് മൂന്നാം ഘട്ട വായ്പയും നൽകി. വായ്പകൾക്ക് ഏഴ് ശതമാനം പലിശയും സബ്‌സിഡിയായി ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന പണമിടപാടുകൾ നടത്തുന്നവർക്ക് പ്രത്യേക ഇൻസെന്റീവും സജ്ജമാക്കിയിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് വായ്പ നൽകുന്നത്. ആദ്യ ഘട്ടത്തിൽ 10,000 രൂപയും രണ്ടാം ഘട്ടത്തിൽ 20,000 രൂപയും മൂന്നാം ഘട്ടത്തിൽ 50,000 രൂപയുമാകും ലഭിക്കുക. ഓരോ തവണ ലഭിക്കുന്ന വായ്പയും പൂർണമായി തിരിച്ചടച്ചതിന് ശേഷമാകും അടുത്തത് ലഭിക്കുന്നത്. പദ്ധതിയിൽ അപേക്ഷിക്കുന്നതിനായി തെരുവ് കച്ചവടക്കാരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്തോ അല്ലങ്കിൽ വെൻഡിംഗ് സർട്ടിഫിക്കറ്റോ ആവശ്യമാണ്. ആധാർ കാർഡ് ഉൾപ്പെടെ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.