കണ്ണൂർ: തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. തിരുവനന്തപുരം സംസ്ഥാന പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ഏഴ് പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ലാ കോടതി സമുച്ചയത്തിലെ 3 കോടതികളിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഒരാഴ്ച മുൻപാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങിയത്. പിന്നീട് ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടവുകയും കോടതിയിലെത്തിയ അൻപതോളം പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ നിന്നുള്ള മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധനയും നടത്തിയിരുന്നു. ഇതിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധനക്കയച്ചത്.