കോഴിക്കോട്: മുക്കത്ത് വയോധികക്കെതിരെ ജപ്തി ഭീഷണി മുഴക്കിയ സ്വകാര്യ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ പതിച്ചുനൽകിയ മൂന്ന് സെൻറിലുള്ള വീട്ടിൽ കഴിയുന്ന 74 കാരിയായ സത്യവതിയും കുടുംബവും സ്വകാര്യ ബാങ്കിന്റെ ജപ്തി ഭീഷണിയിലാണെന്ന പരാതിയിലാണ് നടപടി. മുക്കം നഗരസഭയിൽ പനച്ചിങ്ങൽ കോളനിയിൽ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് സ്വകാര്യ ബാങ്കിന്റെ ഭീഷണി നേരിടുന്നത്.
മകളുടെ വിവാഹത്തിനായി മഹേന്ദ്ര ഹോം ഫിനാൻസിന്റെ ബാലുശേരി ശാഖയിൽ നിന്നും സത്യവതി 2019-ൽ ഒന്നര ലക്ഷം രൂപ ലോണെടുത്തിരുന്നു. ആകെയുള്ളത് മൂന്ന് സെന്റിലുള്ള ഭൂമിയായതിനാൽ മറ്റ് ബാങ്കുകൾ ലോൺ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഇവർ മഹേന്ദ്ര ഹോം ഫിനാൻസിനെ സമീപിച്ചതും ലോൺ എടുത്തതും. എന്നാൽ കൊറോണ വന്നതോടെ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയും ചേർന്ന് വലിയ തുകയായതോടെ സത്യവതിക്ക് ലോൺ അടച്ച് തീർക്കാനായില്ല.
ഇതുവരെ 1, 70,000 രൂപയോളം പലിശയടക്കം തിരിച്ചടച്ചു. എന്നാൽ ഇനിയും ഒന്നര ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ട്. ഇതോടെ ബാങ്ക് ജപ്തി ഭീഷണി മുഴക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. നവംബർ 28 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇതിനു മുൻപേ ബാലുശേരി പോലീസ്് ഇൻസ്പെക്ടർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.