ന്യൂഡൽഹി: നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രം. 22 അനധികൃത ആപ്പുകളും വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിനെ തുടർന്നാണ് നടപടി. ഛത്തീസ്ഗഡ് അഴിമതിയെ തുടർന്ന് നിരീക്ഷണത്തിലുള്ള മഹാദേവ് ബുക്ക് ആപ്പ്, റെഡി അണ്ണാ ബുക്ക് തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കാനായി ഇത്തരത്തിൽ നിരവധി ആപ്പുകളും വെബ്‌സൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവ നിരോധിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടർന്നാണ് നിരോധനമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരെ അന്വേഷിക്കുകയും ഛത്തീസ്ഗഡിലെ സ്ഥാപനങ്ങളിൽ റെയ്ഡും നടന്നിരുന്നു. തുടർന്ന് യുഎഇ കേന്ദ്രീകരിച്ചാണ് മഹാദേവ് ബുക്ക് പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പേരടക്കം പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിച്ച 508 കോടി രൂപയാണ് പിടിച്ചത്.















