ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി റോക്കറ്റ് സേനയിലേക്ക് കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ എത്തുന്നു. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ‘പ്രലേ മിസൈലുകൾ’ ഏറ്റെടുക്കാൻ പ്രതിരോധ മന്ത്രാലയം അനുമുതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ മിസൈലുകളുടെ വിന്യാസം.
1500 കിലോമീറ്റർ പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് വിവരം. ആണവായുധം ഉപയോഗപ്പെടുത്താത്ത സാഹചര്യങ്ങളിലാകും ഇവ വിന്യസിക്കുക. തന്ത്രപ്രധാനമായ സേനകളിൽ പ്രതിരോധ സേനയ്‌ക്ക് ശക്തി പകരാനായി ഈ മീഡിയം- റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾക്കാകും.
പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളെ പ്രതിരോധിക്കാനായി റോക്കറ്റ് സേന രൂപീകരിക്കുന്നതിലേക്ക് സേന നീങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 250-ഓളം പ്രലേ ബാലിസ്റ്റിക് മിസൈലുകളാണ് ഭാരതം വികസിപ്പിച്ചത്. മിസൈൽ ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.
സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോർ ഉപയോഗിച്ചാണ് പ്രലേ മിസൈലുകൾ പ്രവർത്തിക്കുന്നത്. ഉപരിതല മിസൈലാണിത്. 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. അത്യാധുനിക നാവിഗേഷനും ഇന്റഗ്രേറ്റഡ് ഏവിയോണിക്‌സും മിസൈൽ ഗൈഡൻസ് സംവിധാനത്തിൽ ഉൾപ്പെടുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്.















