2018-ൽ ജമ്മുവിലെ സുഞ്ജുവാനിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-ത്വയ്ബ കമാൻഡറുമായ ഖ്വാജ ഷാഹിദ് ഏലിയാസ് മിയ മുജാഹിദിനെ തട്ടിക്കൊണ്ടുപോയതായി വിവരം. ഇന്നലെയാണ് ഖ്വാജയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകമറിയുന്നത്. പാക് സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കും കനത്ത വെല്ലുവിളിയാണ് ഭീകരന്റെ തിരോധാനം സൃഷ്ടിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 10-നാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടത്തിയത്. എകെ 47 തോക്കുകളും ഗ്രനേഡുകളുമായി സൈനിക ക്യാമ്പിലേക്ക് ഇരച്ചു കയറിയ സംഘം നിരവധി പേരുടെ ജീവനാണ് അപഹരിച്ചത്. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് അക്രമികളും സാധാരണക്കാരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 14 സൈനികരും അഞ്ച് സ്ത്രീകളും കുട്ടികളുമടക്കം 20 പേർക്ക് പരിക്കേറ്റു. 2016-ലെ ഉറി ആക്രമണത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഈ ആക്രമണം.
ആക്രമണത്തിനിടെ ക്യാമ്പിനുള്ളിലെ പാർപ്പിട സമുച്ചയങ്ങളും ഭീകരർ വളഞ്ഞു. 24 മണിക്കൂറോളം നീണ്ട് നിന്ന ഏറ്റുമുട്ടലിലാണ് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ പാക് പൗരന്മാരായ കാരി മുഷ്താഖ്, മുഹമ്മദ് ഖാലിദ് ഖാൻ, മുഹമ്മദ് ആദിൽ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.















