ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷം. കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 460 ആണ്. ഇതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈൻ പഠനത്തിലേക്ക് മാറ്റി.
ശൈത്യകാലം ആരംഭിച്ചതോടെയാണ് വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നത്. പുകമഞ്ഞു മൂടിയ നഗരത്തിൽ ദൂരക്കാഴ്ച പരിധി പലയിടത്തും 300 മീറ്ററിൽ താഴെയായി. മലിനീകരണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന വനം വകുപ്പിനെ വിമർശിച്ച്
ഹൈക്കോടതി രംഗത്തെത്തി. മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പ് നിരുപാധികം അനുമതി നൽകുന്നതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതിരൂക്ഷ മലിനീകരണത്തിൽ ജനങ്ങൾ വീർപ്പുമുട്ടി കഴിയണമെന്നാണോ സർക്കാർ കരുതുന്നതെന്നു കോടതി ചോദിച്ചു.
ഡൽഹിക്ക് പുറമെ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നീ നഗരങ്ങളെയും അന്തരീക്ഷ മലിനീകരണം ബാധിച്ചിട്ടുണ്ട്. കാറ്റ് ദുര്‍ബലമായതോടെയാണ് അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നത്. നിര്‍ബന്ധമായും മാസ്‌ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ആരോഗ്യ വിദഗ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ ബസുകൾക്കും വാണിജ്യ വാഹനങ്ങൾക്കും നഗരത്തിലേക്കു പ്രവേശനമില്ല.















