കോഴിക്കോട്: വ്യാജ മാട്രിമോണി സൈറ്റിലൂടെ പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ഉമേഷ് മോഹനെ (22) ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രമുഖ മാട്രിമോണി സൈറ്റായ ഈഴവ മാട്രിമോണിയുടെ പേരിലാണ് ഇയാൾ ആളുകളിൽ നിന്നും പണം തട്ടിയത്. അധികവും മദ്ധ്യവയസ്‌കരാണ് തട്ടിപ്പിനിരയാത്. രജിസ്ട്രഷൻ ഫീസ് എന്നുപറഞ്ഞ് 3500 രൂപയോളമാണ് ആളുകളിൽ നിന്നും വാങ്ങിയിരുന്നത്. ഏതാനും മാസങ്ങളായി ഉമേഷ് കുന്ദമംഗലത്ത് ഈഴവ മാട്രിമോണിയുടെ സ്ഥാപനം നടത്തി വരികയായിരുന്നു.
പണം വാങ്ങി കഴിഞ്ഞാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയോ ആളുകളുടെ നമ്പർ ബ്ലോക്ക് ആക്കുകയോ ആണ് ഉമേഷ് ചെയ്തിരുന്നത്. പലരും സംഭവത്തെകുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിൽ മാത്രം 16-ലധികം കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. അതോടൊണ് പോലീസ് അന്വേഷണത്തിൽ പ്രതി പിടിയിലാവുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. മൂവാറ്റുപുഴയിൽ നിന്നും സമാന കേസിൽ ഇയാളെ പിടികൂടിയിരുന്നു. പല സ്ഥലത്തും പല സമുദായങ്ങളുടെ പേരിലും സ്വന്തം പേര് മാറ്റിയുമാണ് ഉമേഷ് തട്ടിപ്പ് നടത്തിയിരുന്നത്.















