ഹാലോവീൻ ആഘോഷത്തെ കുറിച്ച് നാം നിരവധി കഥകളും വിശേഷങ്ങളും കേട്ടിട്ടുണ്ട്. ഒട്ടനവധി പേരാണ് ഫ്‌ളോറിഡയിലെ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. അത്തരമൊരു ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ സംഭവമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഹലോവീൻ ആഘോഷത്തിനിടെ സാധനങ്ങൾ വാങ്ങാനെത്തിയ ഒരു ശാസ്ത്രജ്ഞൻ കടയിൽ തലയോട്ടി കണ്ടെത്തി. ഫ്‌ളോറിഡയിലെ നോർത്ത് ഫോർത്ത് മെയേഴ്‌സ് ഷോപ്പിലാണ് തലയോട്ടി കണ്ടെത്തിയത്.
തലയോട്ടി വ്യാജമാണെന്ന് ആദ്യം തോന്നിയെങ്കിലും അദ്ദേഹം അടിമുടി പരിശോധിച്ചതോടെയാണ് കാര്യം പിടികിട്ടിയത്. തന്റെ കൈയ്യിൽ ഇരിക്കുന്നത് ഒറിജിനൽ മനുഷ്യ തലയോട്ടി തന്നെയെന്ന് അവസാനം സ്ഥിരീകരിക്കുകയായിരുന്നു. വിവരം പോലീസിൽ അറിയിച്ചതോടെ ഒരു സംഘം കടയിലെത്തി പരിശോധന നടത്തി. ഉടൻ കടയുടമയെ വിളിച്ചുവരുത്തി പോലീസ് വിശദമായി മൊഴിയെടുത്തു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ തലയോട്ടി ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് സംഘം.
ഫ്‌ലോറിഡയിലെ നിയമങ്ങളനുസരിച്ച് മനുഷ്യ ശരീരത്തിലെ അവയവങ്ങൾ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. കണ്ണുകൾ, കോർണിയ, കിഡ്‌നി, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ്, അസ്ഥികൾ, ത്വക്ക് എന്നിവയെല്ലാം നിയമത്തിൽ ഉൾപ്പെടുന്നു. സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും തുടരന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.