തിരുവനന്തപുരം: മലയാള സിനിമയിലെ ഗന്ധർവ്വ സാന്നിധ്യമായിരുന്ന പി പദ്മരാജൻ അന്തരിച്ചപ്പോൾ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഒരനുശോചനക്കുറിപ്പ് പോലും പുറത്തിറക്കിയില്ലെന്ന് പദ്മരാജന്റെ മകനും തിരക്കഥാ കൃത്തുമായ അനന്തപദ്മനാഭൻ.
കേരളാ നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തകമേളയുടെ ഭാഗമായി നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പലപ്പോഴും ചോദിച്ചിട്ടുണ്ട് പദ്മരാജന്റെ രാഷ്‌ട്രീയം എന്തായിരുന്നു എന്ന്. അത് ഞാൻ ഇതുവരെ എഴുതിയിട്ടില്ല. ഇപ്പോൾ പറയണമെന്ന് തോന്നുന്നു.കാരണം അച്ഛൻ ഒരു അരാഷ്‌ട്രീയ വാദി ആയിരുന്നു എന്ന് , കാമ്പസ് കാലത്ത് തന്നെ അതിന്റെ തിക്ത ഫലങ്ങൾ വന്നിട്ടുണ്ട്. ആ ഒരൊറ്റക്കാരണം കൊണ്ടാണ് “ലോല മിൽഫോഡ് എന്ന അമേരിക്കൻ പെൺകുട്ടി” അന്ന് കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കാതെ വലിച്ചു കീറിക്കളഞ്ഞു എന്ന് ദിവാകരൻ സാർ പറഞ്ഞത്.സി ദിവാകരൻ ,മന്ത്രിയായിരുന്നു.
അച്ഛൻ പ്രത്യേകിച്ച് ഒരു രാഷ്‌ട്രീയപ്പാർട്ടിയുടെയും കൂടെ നിന്ന ഒരാളായിരുന്നില്ല. അതേ തിരസ്കാരം പിന്നീട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് അച്ഛൻ മരിച്ച ജനുവരി 23 ,1991 , അതിന്റെ പിറ്റേ ദിവസം വന്ന പ്രത്രവാർത്തകൾ നോക്കിയാൽ അറിയാം. ഒരൊറ്റ അനുശോചനമേ ഉള്ളൂ. ഗവർണ്ണർ രാച്ചയ്യ. മുഖ്യമന്ത്രി അനുശോചിച്ചിട്ടില്ല. അന്ന് ഇടതു ഗവൺമെന്റ് ആയിരുന്നു. അന്ന് സാംസ്‌കാരിക മന്ത്രി അനുശോചിച്ചിട്ടില്ല. ഇന്നിപ്പോൾ ഓരോരുത്തരും മരിക്കുമ്പോൾ ആരുമല്ലാത്തവർക്കു പോലും വെടി പൊട്ടിക്കാനും.. ഉപചാരം അർപ്പിക്കാനും.., അത് നല്ലത് തന്നെയാണ്. പക്ഷെ അച്ഛന് ഒരിക്കലും അത് ഉണ്ടായിട്ടില്ല. അതിനു കാരണം ഈ അരാഷ്‌ട്രീയ വാദമാണ്. സത്യത്തിൽ അദ്ദേഹം അരാഷ്‌ട്രീയവാദിയല്ല. ചിലപ്പോഴെങ്കിലും നല്ല രാഷ്‌ട്രീയ അവബോധമുള്ളവർ അരാഷ്‌ട്രീയവാദികളായി പ്പോകാറുണ്ട് “. അനന്തപദ്മനാഭൻ പറഞ്ഞു
പദ്മരാജന് സിപിഐയോടായിരുന്നു അടുപ്പമെന്നും അച്യുതമേനോൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി എന്നും. മലയാളനാടിനെക്കാളും മാതൃഭുമിയേക്കാളും ഏറ്റവും കൂടുതൽ എഴുതിയിട്ടുള്ളത് ജനയുഗത്തിലായിരുന്നു എന്നും അനന്തപദ്മനാഭൻ പറഞ്ഞു.
“അടിയന്തിരാവസ്ഥ പദ്മരാജനെ വല്ലാതെ ഉലച്ചിരുന്നു, ആ തലമുറയിലെ മറ്റു ചെറുപ്പക്കാരെ പോലെ അദ്ദേഹത്തെ ഡിസൊല്യൂഷനിൽ ആക്കിയിരുന്നു അതിനു സി പി ഐ കൂടെ നിന്നു എന്നുള്ളത് പി പദ്മരാജനെ വല്ലാതെ ബാധിച്ചിരുന്നു”. അനന്തപദ്മനാഭൻ കൂട്ടിച്ചേർത്തു.
“1987 ലെ മനുഷ്യച്ചങ്ങലയിൽ ക്ഷണിച്ചിട്ടും പദ്മരാജൻ പങ്കടുക്കാതിരുന്നതായിരിക്കുമോ ഒരനുശോചനം പോലുമില്ലാതെ അച്ഛന്റെ മരണം കടന്നു പോകാൻ കാരണമെന്ന്” അനന്തപദ്മനാഭൻ സംശയം പ്രകടിപ്പിച്ചു.















