റായ്പൂർ: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂഗേഷ് ഭാഗേലിനെതിരെ രൂക്ഷ വിമർശമനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് പറഞ്ഞ് കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും ഛത്തീസ്ഗഡിൽ വീണ്ടും അധികാരത്തിലേറാൻ ദുബായിൽ നിന്നുള്ള റിമോർട്ട് ഉപയോഗിച്ചാണ് ഭൂഗേഷ് ബാഗേലിനെ പ്രവർത്തിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കൊണ്ടഗാവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.
രണ്ടാം തവണയും അധികാരത്തിലേറാനായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നുവെന്നത് എന്നെ പോലും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഇതിനായി ദുബായിൽ നിന്ന് റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നുളളത് എനിക്ക് അറിയില്ലായിരുന്നു. ഇറ്റലിയിൽ നിന്നാണ് റിമോട്ട് കൺട്രോൾ ചെയ്യുന്നതെന്ന് ആദ്യം കരുതിയിരുന്നു. എന്നാൽ ദുബായിൽ നിന്നാണ് റിമോർട്ട് പ്രവർത്തിപ്പിക്കുന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി.- സ്മൃതി ഇറാനി പരിഹസിച്ചു.
മഹാദേവ് ആപ്പിന്റെ ഉടമ ശുഭം സോണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ബാഗേലിന്റെ നിർദ്ദേശപ്രകാരമാണ് താൻ ദുബായിലേക്ക് പോയത്. എനിക്ക് ചുറ്റുമുളള വരെ സംരക്ഷിക്കാൻ ഞാൻ ഛത്തീസ്ഗഡ്് സർക്കാരിനും പോലീസുകാർക്കും കൈക്കൂലി നൽകിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ വീഡിയോയിൽ സോണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസവുമായി കേന്ദ്ര മന്ത്രി എത്തിയത്.
സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നുമുള്ള കോൺഗ്രസ് വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. മദ്യനിരോധനത്തിന് പകരം മദ്യ കുംഭകോണം നടത്തി 2000 കോടി രൂപയാണ് കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.















