ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ബോംബ്ഭീഷണി . ചെന്നൈയിലെ പോലീസ് കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത് . മുഖ്യമന്ത്രി സ്റ്റാലിന്റെ തേനാംപേട്ടയിലെ വീടുൾപ്പെടെ 7 സ്ഥലങ്ങളിൽ ബോംബ് വയ്‌ക്കുമെന്നായിരുന്നു ഭീഷണി .സംഭവുമായി ബന്ധപ്പെട്ട് അണ്ണാനഗർ സ്വദേശിയായ ഗണേശൻ എന്നയാളെ പോലീസ് പിടികൂടി .
മദ്യലഹരിയിലാണ് ഗണേശൻ ഭീഷണിമുഴക്കിയതെന്ന് പോലീസ് പറഞ്ഞു . സന്ദേശം ലഭിച്ചയുടൻ പോലീസ് ഉദ്യോഗസ്ഥർ സ്റ്റാലിന്റെ തേനാംപേട്ടയിലെ വസതി ഉൾപ്പെടെ ഏഴിടങ്ങളിൽ ബോംബ് കണ്ടെത്തൽ വിദഗ്ധരുമായെത്തി പരിശോധന നടത്തി. തുടർന്നാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതിന് പിന്നാലെ സന്ദേശം എത്തിയ ഫോൺ നമ്പർ ഉപയോഗിച്ച് ഭീഷണി മുഴക്കിയ ആൾ ആരാണെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായ ഗണേശന് ദിവസവും മദ്യപിക്കുന്ന ശീലമുണ്ട്. മദ്യലഹരിയിൽ 108 ആംബുലൻസ് എമർജൻസി സർവീസ് സെന്ററിൽ വിളിച്ച് ആംബുലൻസിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുന്നത് ഇയാളുടെ പതിവാണെന്നും പറയുന്നു.
അതുപോലെ കഴിഞ്ഞ ദിവസവും വൈകുന്നേരം തനിക്ക് സുഖമില്ലെന്നും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞ് ഗണേശൻ വിളിച്ചിരുന്നു . എന്നാൽ ആംബുലൻസ് വൈകിയതിനാൽ ക്ഷുഭിതനായി കൺട്രോൾ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു .