തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. വനവാസികൾ കാഴ്ച മൃഗങ്ങളോ കാഴ്ചവസ്തുക്കളോ അല്ലെന്നും ദളിത്-വനവാസി സമൂഹങ്ങളെ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് കേരളാ സർക്കാർ നടത്തുന്നതെന്നും പി.ശ്യാംരാജ് തുറന്നടിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച കേരളീയം പരിപാടിയിലാണ് വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് പ്രദർശന വസ്തുവെന്നോണം അവതരിപ്പിച്ചത്.
മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നുമുള്ള ഊരാളി സമുദായാംഗങ്ങളെ ഉൾപ്പെടെയാണ് കേരളീയം പരിപാടിയുടെ പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഇങ്ങനെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നത്. ആദിവാസിയുടെ കുടിലുകളും, ഏറുമാടങ്ങളും കൗതുകമുണർത്തുന്നു പോലും! ആ കൗതുകം കാണാൻ നിങ്ങൾ അവിടങ്ങളിൽ പോകണം, അല്ലാതെ തലസ്ഥാന നഗരിയിൽ പ്രദർശന വസ്തുക്കളാക്കുകയല്ല ചെയ്യേണ്ടത്. കേരളത്തിലെ ഏതു ഗോത്രവർഗ വിഭാഗങ്ങളാണ് നിങ്ങളുടെ സങ്കൽപത്തിൽ നിങ്ങൾ രചിച്ച കഥകളിലെപ്പോലെ വസ്ത്രം ധരിച്ച് നടക്കുന്നത്?
ഗുഹാ നിവാസികളായിട്ടുള്ള ചോലനായ്‌ക്കർ വിഭാഗത്തിൽ നിന്നും പിഎച്ച്ഡി ചെയ്യുന്ന വിനോദും സ്വതന്ത്ര്യ സമരവീരനായിരുന്ന തലയ്‌ക്കൽ ചന്തുവിന്റെ പിന്മുറക്കാരനായ പള്ളിയറ രാമേട്ടനുമെല്ലാം പ്രതിനിധാനം ചെയ്യുന്നൊരു സമൂഹത്തെ ഇന്നും ഇലയും മരത്തോലും ധരിച്ച്, കൂവി നടക്കുന്നൊരു സമൂഹമായി കേരളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ആരുടെ താത്പര്യത്തിനനുസരിച്ചാണ്? ഏതൊരു വ്യക്തിക്കും സമൂഹത്തിനും ആത്മാഭിമാനം എന്നൊന്നുണ്ട്. നിങ്ങളുടെയധികാരം അതിനെ മുറിപ്പെടുത്താനുള്ള ലൈസൻസല്ല.
കേരളത്തിലെ ആദിവാസികൾക്ക് മഹത്തായൊരു ചരിത്രമുണ്ട്. തലമുറകൾ നീണ്ട പോരാട്ടത്തിന്റെ, നവോത്ഥാനത്തിന്റെ, ആത്മാഭിമാനത്തിന്റെ ചരിത്രം. ആ ചരിത്രം മറച്ച് വച്ച് ദളിത്-ആദിവാസി സമൂഹങ്ങളെ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകുക തന്നെ ചെയ്യും- പി.ശ്യാംരാജ് പ്രതികരിച്ചു.















