ഗൂഗിൾ അടക്കമുള്ള ലോകത്തെ പ്രസിദ്ധ കമ്പനികളുടെ തലപ്പത്തിരിക്കുന്ന സിഇഒകൾ ഇന്ത്യക്കാരാണെന്ന് നമുക്ക് അറിയാം. സുന്ദർ പിച്ചെയെയോ, സത്യ നദല്ലെയോ മാതൃകയാക്കി പഠിക്കാൻ ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. ലോകരാജ്യങ്ങൾ പോലും ഭാരതത്തിലേക്ക് ഉറ്റുനോക്കുന്ന തരത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തിന് മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ് ഐഐടി മദ്രാസ്. അറിയാം..
കിഴക്കൻ ആഫ്രിക്കയിലെ ടാർസാനിയയിലാണ് പുതിയതായി ഐഐടി കോളേജ് ആരംഭിച്ചിരിക്കുന്നത്. സാൻസിബാർ പ്രസിഡന്റ് ഹുസൈൻ അലി മ്വനിയാണ് കോളേജ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളും, അദ്ധ്യാപകരും, ആഫ്രിക്കയിൽ നിന്നും പ്രശസ്ത വ്യക്തികളുമടക്കം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിഎസ്, എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ കോഴ്‌സുകളിലേക്ക് 45 വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 50% ആഫ്രിക്കൻ വിദ്യാർത്ഥികളും ബാക്കി 50% ഇന്ത്യൻ വിദ്യാർത്ഥികളുമാണെന്ന് ഐഐടി മദ്രാസ് ഡയറക്ടർ അറിയിച്ചു.
പല രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച 500 അപേക്ഷകളിൽ നിന്നും 45 വിദ്യാർത്ഥികളെയാണ് ഇരു കോഴ്‌സുകളിലേക്കുമായി തിരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ കോളേജിൽ ബിരുദ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി നൽകുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും ആഫ്രിക്കയിലെ മികച്ച കോളേജായി ഐഐടി മാറുമെന്നതിൽ വിശ്വാസമുണ്ടെന്നും ഡയറക്ടർ പറഞ്ഞു.
നിലവിൽ 6 അധ്യാപകരെയാണ് കോളേജിൽ നിയമിച്ചിരിക്കുന്നത്. ക്യാമ്പസ് വിപുലീകരിക്കുന്നതിനായി 232 ഏക്കർ സ്ഥലവും ടാൻസാനിയ സർക്കാർ വിട്ടുനൽകിയിട്ടുണ്ട്. പുതിയതായി ആരംഭിച്ച ഐഐടി മദ്രാസിന്റെ ഡയറക്ടർ ഒരു വനിതയാണെന്നുള്ളതും ടാൻസാനിയയിലെ മറ്റു കോളേജുകളിൽ നിന്നും ഐഐടി മദ്രാസിന്റെ ഈ ക്യാമ്പസിനെ വ്യത്യസ്തമാക്കുന്നു.















