ടൈം ഔട്ടിലൂടെ തന്നെ പുറത്താക്കിയ ഷാക്കിബ് അല്‍ ഹസനെയും ബംഗ്ലാദേശ് ടീമിനെതിരെയും തുറന്നടിച്ച് ഏയ്ഞ്ചലോ മാത്യൂസ്. മത്സരശേഷം ഇരു ടീം അംഗങ്ങളും പതിവുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല. ഇതിനും താരം വിശദീകരണം നല്‍കി. ഞങ്ങളെ ബഹുമാനിക്കുന്നവരെ മാത്രം ഞങ്ങളും ബഹുമാനിച്ചാല്‍ മതിയല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. മത്സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാത്യൂസ് പൊട്ടിത്തെറിച്ചത്.
‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. ഇതിന്റെ വീഡിയോ തെളിവുകളടക്കം എന്റെ കൈയിലുണ്ട്. പക്ഷേ എന്റെ ഹെല്‍മെറ്റ് കേടായി. അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഒരു ടീമിന് എങ്ങനെയാണ് ഇത്രയും തരംതാഴാനാവുക.
ഈ നിലവാരത്തിലാണ് അവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എനിക്കൊപ്പം പറയാനില്ല. മങ്കാദിംഗിനെക്കുറിച്ചോ ഫീല്‍ഡറെ തടസപ്പെടുത്തുന്നതിനെക്കുറിച്ചോ ഒന്നും ഞാന്‍ പറയുന്നില്ല. കാരണം അതില്‍ നിയമം വ്യക്തമായി പറയുന്നുണ്ട്.
ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെയല്ല. ഇന്നലെ ഞാന്‍ മനപൂര്‍വം സമയം പാഴാക്കിയതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയതിന് ഞാന്‍ എന്ത് ചെയ്യും. ഹെല്‍മെറ്റ് ധരിക്കാതെ കളിക്കാനാകില്ലല്ലോ, സുരക്ഷ പ്രധാനമാണെന്നല്ലെ പറയുന്നത്. അതാണ് ഹെല്‍മെറ്റ് കൊണ്ടുവരാന്‍ പറഞ്ഞത്. സ്പിന്നിനെ കളിക്കണമെങ്കിലും ഹെല്‍മെറ്റ് ധരിക്കണം.
ഷാക്കിബിന് അപ്പീല്‍ ചെയ്യാതിരിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അത് ചെയ്തു. എന്റെ 15 വര്‍ഷ കരിയറില്‍ ഒരു ടീമും ഇത്രയും തരംതാഴുന്നത് കണ്ടിട്ടില്ല. തീര്‍ച്ചയായും അമ്പയര്‍മാര്‍ക്ക് ടിവി അമ്പയറുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഞാനുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ കളി ജയിക്കുമെന്നൊന്നുമല്ല ഞാന്‍ പറയുന്നത്. ബംഗ്ലാദേശ് അല്ലാതെ മറ്റൊരു ടീമും ലോക ക്രിക്കറ്റില്‍ ഇത്തരം തരംതാണ പ്രവൃത്തി ചെയ്യില്ലെന്നും മാത്യൂസ് പറഞ്ഞു.
https://www.cricketworldcup.com/video/3771377?references=CRICKET_MATCH:102778















