പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. ഈ മാസം
17 വരെയാണ് ഉത്സവം നടക്കുന്നത്. ആഗമ വിധി പ്രകാരമാണ് രഥോത്സവ ചടങ്ങുകൾ നടക്കുന്നത്. ചിട്ടയോടെയും ഏകോപനത്തോടെയും ചടങ്ങ് നടത്തുന്നതിന് നാല് ക്ഷേത്രങ്ങളുടെയും ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.
ഇന്നലെ നടന്ന വാസ്തുബലിയോടെയാണ് ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായത്. ഇന്ന് പുലർച്ചെ നാല് ക്ഷേത്രങ്ങളിലും രഥോത്സവ കൊടിയേറ്റ് നടന്നു. വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ അതിന് ശേഷവും കൊടിയേറ്റ് നടന്നു.
ഉത്സവ ദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുർവേദപാരായണം നടക്കും. ക്ഷേത്ര ദേവതകൾക്ക് ജപഹോമ അർച്ചന അഭിഷേകങ്ങളും ഉത്സവമൂർത്തികളുടെ രഥവീഥിയിലൂടെയുള്ള എഴുന്നള്ളത്തും നടക്കും. 12-ന് അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ അഞ്ചാം തിരുനാളിൽ പല്ലക്ക് രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
14,15,16 തീയതികളിലാണ് പ്രശസ്തമായ രഥോത്സവം. ഈ ദിവസങ്ങളില്‍ രഥങ്ങളുടെ ഗ്രാമപ്രയാണം നടക്കും. തുടർന്ന് 16 ന് ദേവരഥ സംഗമം നടക്കും. നവംബർ 17-ന് ഉത്സവ ആറാട്ടും കൊടിയിറക്കവും നടക്കും.