തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. 12 മണിക്ക് ശേഷം മാനവീയം വീഥിയിൽ ആരും തങ്ങാൻ പാടില്ല തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ. സർക്കാരിന്റെ കേരളീയം പരിപാടി ആരംഭിച്ചപ്പോൾ മുതൽ മാനവീയം വീഥിയിൽ പ്രശ്നങ്ങൾ അരങ്ങേറുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പോലീസ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കേരളീയം പരിപാടി അവസാനിച്ചതിനാൽ മാനവീയം വീഥിയിൽ തിരക്ക് കുറയുമെന്നാണ് പോലീസിന്റെ നിഗമനം. ഒരാൾക്ക് ഉച്ചഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്കും അത് ബുദ്ധിമുട്ടായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പോലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുമെന്നും പോലീസ് അറിയിച്ചു. കന്റോൻമെന്റ് അസി. കമ്മീഷണറാണ് കമ്മീഷണർക്ക് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്.















