എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതിയായ അലൻ ഷുഹൈബ് ആശുപത്രിയിൽ. അവശനിലയിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതോടെയാണ് അലൻ ബോധരഹിതനായതെന്നാണ് വിവരം.
എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യാശ്രമം ആകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അലന്റെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഏകദേശം മുപ്പതിലധികം ഉറക്കഗുളികകൾ അലൻ കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. പന്തീരങ്കാവ് യുഎപിഎ കേസിൽ വിചാരണ തുടരുന്നതിനിടെയാണ് സംഭവം.