ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ശൈത്യകാല അവധി നവംബർ ഒമ്പതിന് ആരംഭിക്കും. ഇത്തവണ നേരത്തെയാണ് ഡൽഹിയിൽ അവധി പ്രഖ്യാപിക്കുന്നത്. നവംബർ ഒമ്പത് മുതൽ 18 വരെയാണ് അവധി.
വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് ജനുവരി- ഫെബ്രുവരി മാസങ്ങളിലെ അവധി നവംബറിലേക്ക് മാറ്റിയത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗതമന്ത്രി കൈലാഷ് ഗഹലോട്ട് , ഡൽഹിയിലെ ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ തീരുമാനത്തിലാണ് വിദ്യാലയങ്ങളുടെ ശൈത്യകാല അവധി നേരത്തെയാക്കാൻ തീരുമാനിച്ചത് – വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
ഒരാഴ്ചയായി ഉയർന്ന നിലയിലുള്ള ഡൽഹിയിലെ വായുമലിനീകരണ തോത് ഇത് വരെയും കുറഞ്ഞിട്ട് ഇല്ല. ശരാശരി 421-ാണ് ഇപ്പോഴത്തെ വായുമലിനീകരണ തോത്. ശൈത്യകാലം തുടരുന്നതും അയൽസംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും ഇതിന് കാരണമാവുന്നുണ്ട്.















