ഭോപ്പാൽ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളെ അപമാനിച്ച് നിതീഷ് നിയമസഭയിൽ നടത്തിയ പ്രസ്താവനയെ അദ്ദേഹം ശക്തമായി അപലപിച്ചു. സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിക്കുന്നവർക്ക് എങ്ങനെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മദ്ധ്യപ്രദേശിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘമാണ്ഡിയ ഗത്ബന്ധൻ സഖ്യത്തിന്റെ ഒരു വലിയ നേതാവ്, ഇന്നലെ നിയമസഭയിൽ സ്ത്രീകൾക്ക് നേരെ അസഭ്യമായ ഭാഷ ഉപയോഗിച്ചു. അവർക്ക് നാണമില്ല ഇത്തരത്തിൽ സംസാരിക്കാൻ. എന്നാൽ, ഇൻഡി സഖ്യത്തിന്റെ ഒരു നേതാവും അതിനെ എതിർത്ത് ഒറ്റ വാക്ക് പോലും പറഞ്ഞില്ല. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നവർക്ക് അവർക്ക് വേണ്ടി എന്തെങ്കിലും നല്ല പ്രവർത്തിക്കാൻ സാധിക്കുമോ ? – അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിഷേധം കനത്തതോടെ അശ്ലീല പരാമർശത്തിൽ നിതീഷ് മാപ്പുമായി രംഗത്ത് വന്നു. പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ടെന്നും എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാമെന്നുംമായിരുന്നു അദ്ദേഹം പറഞ്ഞത്. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.















