തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ഖജനാവിൽ നിന്നും വലിയ തുക മുടക്കി കണ്ണട വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി ആർ.ബിന്ദു. താൻ മാത്രമല്ല, കോൺഗ്രസ് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും ടി.ജെ.വിനോദും ഇത്തരത്തിൽ കണ്ണട വാങ്ങിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. വായിക്കുകയും കമ്പ്യൂട്ടർ ഉപയോഗിക്കുകയും ചെയ്യുന്നതു കൊണ്ടാണ് 30,500 രൂപയുടെ കണ്ണട വാങ്ങിയതെന്നും ആർ. ബിന്ദു ന്യായീകരിച്ചു.
‘ഞാൻ ധാരാളം വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ട് അതിന് തക്കതായുള്ള കണ്ണടയാണ് വാങ്ങിയിട്ടുള്ളത്. ഞാൻ മാത്രമല്ല, കണ്ണടയ്‌ക്കായി എൽദോസ് കുന്നപ്പിള്ളി 35842 രൂപയും ടി.ജെ.വിനോദ് 31600 രൂപയും കൈപ്പറ്റിയിട്ടുണ്ട്’- എന്നാണ് മന്ത്രി ആർ. ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞത്. മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പേരും മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.















