ഡിആർഎസിൽ ഇന്ത്യ കൃത്രിമത്വം കാണിക്കുകയാണെന്നും ഇന്ത്യൻ ടീമിനെ ലോകകപ്പിൽ ജയിപ്പിക്കാനായി ബിസിസിഐയും ഐസിസിയും ശ്രമിക്കുന്നുവെന്നും ആരോപിച്ച പാകിസ്താൻ മുൻ താരം ഹസൻ റാസക്ക് തക്കതായ മറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. താരം നേടിയ വിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു റാസയുടെ ആരോപണം. എന്തൊരു ‘നാണക്കേടാണ്’ എന്നായിരുന്നു റാസയുടെ ആരോപണത്തോട് പ്രതികരിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഷമി കുറിച്ചത്.
‘നാണക്കേട്, ഉപയോഗശൂന്യമായ അഭിപ്രായങ്ങൾക്ക് പകരം ലോകകപ്പിലെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. മറ്റുള്ളവരുടെ വിജയം ആസ്വദിക്കൂ, ഇത് ഐസിസി ലോകകപ്പാണ്, പ്രാദേശിക ടൂർണമെന്റല്ല. നിങ്ങളുടെ ആരോപണത്തിനുളള മറുപടി വസീം അക്രം തന്നെ നൽകി. പ്രശസ്തിക്ക് വേണ്ടി ആരോപണങ്ങൾ ഉന്നയിക്കാതെ സ്വന്തം രാജ്യത്തെ കളിക്കാരുടെ പ്രകടനത്തിൽ വിശ്വസിക്കൂ’-മുഹമ്മദ് ഷമി പ്രതികരിച്ചു.
‘ജഡേജ അഞ്ച് വിക്കറ്റെടുത്തു, കരിയറിലെ ഏറ്റവും നല്ല പ്രകടനം. നമ്മൾ ടെക്നോളജിയെപ്പറ്റി പറയുമ്പോൾ, വാൻഡർ ഡസ്സൻ ബാറ്റ് ചെയ്യുമ്പോൾ പന്ത് ലെഗ് സ്റ്റമ്പിൽ കുത്തി മിഡിൽ സ്റ്റമ്പിൽ കൊള്ളുന്നതായി കാണിക്കുന്നു. അതെങ്ങനെ നടക്കും? ഇംപാക്ട് ഇൻ ലൈൻ ആയിരുന്നെങ്കിലും പന്ത് ലെഗ് സ്റ്റമ്പിലേക്കായിരുന്നു പോകുന്നത്. ഞാൻ എന്റെ അഭിപ്രായം പറയുന്നു. അത്രേയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണം. ഡിആർസിൽ കൃത്രിമത്വം കാണിക്കുന്നുണ്ടെന്നത് വ്യക്തമാണ്.” എന്നായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ ഹസൻ റാസ പറഞ്ഞത്.















