ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്ക്‌സ് കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും അംഗത്വം റദ്ദാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മഹുവയ്‌ക്കെതിരെ സർക്കാർ നിയമപരമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. 500 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടത് എൻഡിടിവിയാണ്.
പ്രധാനമന്ത്രിയേയും വ്യവസായി അദാനിയേയും ബന്ധിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാനായി മഹുവ ഉപഹാരങ്ങൾ സ്വീകരിച്ചെന്നും ഇതിനായി മഹുവ തന്റെ പാർലമെന്ററി ലോഗിൻ ദർശൻ ഹീരാനന്ദാനിയുമായി പങ്കുവെച്ചു എന്നുമാണ് ആരോപണം. ദുബായിൽ നിന്ന് മൊയ്ത്രയുടെ ലോഗിൻ ഒന്നിലധികം തവണ ഉപയോഗിച്ചതായി തെളിഞ്ഞതിന് പിന്നാലെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചതായി മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു.
ഇതേത്തുടർന്ന്, മൊയ്ത്രയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയച്ചിരുന്നു. ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര കമ്മിറ്റി ചെയർമാനെയടക്കം അസഭ്യം പറയുകയും കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.