ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും. ഓരോ കുടുംബങ്ങളും ആഘോഷത്തിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. അതിനായി വീടും പരിസരവുമെല്ലാം ശുചീകരിക്കുകയാണ് എല്ലാവരും. ദീപാവലിക്ക് മുമ്പുള്ള ഈ ശുചീകരണം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല; തെരുവുകളും ചന്തകളും അയൽപക്കങ്ങളും ശുചിത്വ പൂർണ്ണമാക്കാൻ എല്ലാവരും ഒത്തുചേരും.
ദീപാവലി പ്രമാണിച്ച് ഗ്രാമ-നഗര പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 യുടെ കീഴിൽ ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിന് തുടക്കമിട്ടു. ഉത്സവകാലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയാണ് നവംബർ 6 ന് ആരംഭിച്ച് നവംബർ 12 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ. കൂടാതെ ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യവും സ്വച്ഛ് ഭാരതിന്റെ ആവശ്യകതയും ക്യാമ്പയിൻ മുന്നോട്ട് വെയ്‌ക്കുന്നു.
ജനങ്ങളിൽ അവബോധം വളർത്തിയെടുക്കുകയും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അതിലൂടെ വ്യക്തികളിൽ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം ഉണ്ടാക്കും. കൂടാതെ ദീപാവലിക്ക് മുമ്പും ശേഷവുമുള്ള ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയും.
ക്യാമ്പയിനിൽ പങ്കെടുക്കുന്നതിന് ജനങ്ങൾക്ക് സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓൺലൈനായി എടുക്കാം. പ്രതിജ്ഞയെടുത്തു കഴിഞ്ഞാൽ, ഉത്സവ സീസണിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കിക്കൊണ്ട് ഹരിത ദീപാവലിയിൽ സജീവമായി പങ്കെടുക്കാം. സ്വച്ഛ് ദീപാവലി എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷത്തിന്റെ വിവരങ്ങൾ ആളുകൾക്ക് പങ്കിടാനാവും.
29,640 ഓളം ആളുകളാണ് ഇതുവരെ ഈ വർഷം ഹരിതവും ശുചിത്യപൂർണ്ണവുമായ ദീപാവലിക്കായി പ്രതിജ്ഞയെടുത്തത്. അതിൽ 23 ശതമാനം മഹാരാഷ്‌ട്രയും 14.4 ശതമാനം ആന്ധ്രാപ്രദേശും 13.3 ശതമാനം ഉത്തർപ്രദേശിലുമാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രതിജ്ഞയിൽ പങ്ക് ചേരുന്നുണ്ട്. ഉത്സവ സീസണിൽ പരിസ്ഥിതി സംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന സന്ദേശമാണ് നൽകുന്നത്.















