കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മാലിന്യ കുമ്പാരത്തിലെറിഞ്ഞ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബർ 14-ന്. പ്രതിഭാഗത്തിന്റെയും പ്രസിക്യൂഷന്റെയും വാദം കോടതി ഇന്ന് വിശദമായി കേട്ടിരുന്നു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ശിക്ഷയെ കുറിച്ച് പ്രതിയോട് അഭിപ്രായം ചോദിച്ചപ്പോൾ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക്കിന്റെ മറുപടി. കുറ്റകൃത്യത്തിൽ തനിയ്‌ക്കൊപ്പമുള്ളവരെ വെറുതെവിട്ടെന്നും അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് പ്രതി പ്രതികരിച്ചു. ആസൂത്രിതമായി ചെയ്ത കുറ്റമായതിനാൽ തന്നെ വധശിക്ഷ കൊടുക്കാവുന്ന കുറ്റമാണ് അസ്ഫാക് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 16 കുറ്റങ്ങളാണ് പ്രതിയ്‌ക്കുമേൽ ചുമത്തിയിരിക്കുന്നത്.















