കൊൽക്കത്ത: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിൽ അദ്ദേഹം ചുമതലയേറ്റെടുത്തു. ചുമതലയേറ്റതിന് പിന്നാലെ ആദ്യ യോഗത്തിനും സുരേഷ് ഗോപി നേതൃത്വം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിൽ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ധനകാര്യ മന്ത്രാലയങ്ങളുമായി മാരത്തൺ പ്രൊഡക്റ്റീവ് ചർച്ചകളിൽ സുരേഷ് ഗോപി പങ്കെടുത്തു.
നേരിട്ടെത്തി ചുമതല ഏറ്റെടുത്ത വിവരം സുരേഷ് ഗോപി തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചത്. യോഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 23-നാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതായി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്.
തന്നിൽ വിശ്വാസം അർപ്പിച്ച് പുതിയ ചുമതല നൽകിയതിന് പ്രധാനമന്ത്രിയ്‌ക്കും ആഭ്യന്തരമന്ത്രിക്കുമടക്കം സുരേഷ് ഗോപി നന്ദിയും അറിയിച്ചിരുന്നു. ‘ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് നന്ദി. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും’- എന്നായിരുന്നു ക്ഷണം സ്വീകരിച്ചുകൊണ്ട് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്.