ന്യൂഡൽഹി: മഹുവ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യയാക്കാനുള്ള റിപ്പോർട്ട് പാസാക്കി. നടപടി വേണമെന്ന് സമിതിയിലെ ആറുപേരാണ് നിലപാടെടുത്തത്. നാലുപേർ എതിർക്കുകയും ചെയ്തു. ഹീനവും കുറ്റകരവുമായ നടപടിയാണ് മഹുവയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ.
റിപ്പോർട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കെെമാറും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ടിന്മേൽ നടപടിയുണ്ടാകാനാണ് സാധ്യത. 500 പേജുള്ള കരട് റിപ്പോർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്.
നവംബർ രണ്ടിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ ഇറങ്ങിപ്പോയിരുന്നു. മഹുവയ്‌ക്ക് പുറമേ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഡാനിഷ് അലിയും ജനതാദള്‍ (യു) എം.പി. ഗിരിധാരി യാദവ്, കോണ്‍ഗ്രസ് എം.പി. ഉത്തം കുമാര്‍ റെഡ്ഡിയും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലക്ഷ്യമിട്ട് മെഹുവയുടെ പാർലമെന്ററി ഡിജിറ്റൽ അക്കൗണ്ടിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്‌തെന്നും ചൂണ്ടിക്കാണിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സ്പീക്കർ പരാതി സഭയുടെ എത്തിക്‌സ് സമിതിക്ക് വിട്ടത്.