ന്യൂഡൽഹി: മാലി പ്രസിഡൻ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ ഇത് പറഞ്ഞത്. മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുയിസുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ആശംസ അറിയിച്ച ആദ്യ ലോകനേതാവ് നരേന്ദ്രമോദിയാണ്. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം.
ഇന്ത്യ – മാലി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ആരൊക്കെ പങ്കെടുക്കുമെന്നുള്ളത് തീരുമാനിച്ച് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിയിലെ പുതിയ ഭരണകൂടവുമായി ഇന്ത്യ അടുത്ത സഹകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അയൽരാജ്യമെന്ന് നിലയിൽ ഇരുരാജ്യങ്ങൾക്കുമുണ്ടാകുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനായി അടുത്ത് സഹകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപ് (പിപിഎം) സ്ഥാനാർത്ഥി മുഹമ്മദ് മുയിസുയാണ് മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് മുയിസു വിജയിച്ചത്. ആദ്യ ഘട്ടത്തിൽ 46 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷം ഉയർത്തിയതിന് പിന്നാലെയായിരുന്നു രണ്ടാം ഘട്ടത്തിലെ ഫലം.















