ഇന്ത്യൻ ബിഗ് സ്‌ക്രീനിൽ നിന്നും ഓസ്‌കർ വേദിയിലേക്കെത്തിയ മലയാള ചിത്രമാണ് ‘2018’. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി കൂടിയാണ്. ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റാണ് ജൂഡ് ആന്റണിയും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം തെക്കേ അമേരിക്കയിൽ നാന്നൂറോളം തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.
വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും പരാഗ്വോ ആസ്ഥാനമായുള്ള എം.ബി ഫിലിംസിന്റെ മാർസലോ ബോൻസിയും ചേർന്നാണ് ചിത്രം തെക്കേ അമേരിക്കയിൽ റിലീസിനെത്തിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമ സെയിൽസ് വിഭാഗമായ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കാണ് ‘2018’ നെ തെക്കൻ അമേരിക്കയിൽ എത്തിക്കുന്നത്. നിലവിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും അമേരിക്കയിലാണുള്ളത്.
ആഗോള പ്രേക്ഷകരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ലാറ്റിൻ അമേരിക്കയിലേയ്‌ക്ക് ഇന്ത്യൻ സിനിമകൾ എത്തുന്നതിന് ‘2018’ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അറിയുന്നത് അവിശ്വസനീയമാണ്. സംസ്‌കാരത്തിനപ്പുറം പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന സാമൂഹിക സന്ദേശമാണ് സിനിമ നൽകുന്നത്. തെക്കേ അമേരിക്കൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ‘2018’ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വേണു കുന്നപ്പിള്ളി പറഞ്ഞു.
‘ഡാം ദുരന്തങ്ങളും വെള്ളപ്പൊക്കവും പോലുള്ള സാഹചര്യങ്ങൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയെ തെക്കേ അമേരിക്കയിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവാർഡുകൾക്കപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സിനിമയുടെ ആഴത്തിലുള്ള സന്ദേശമാണ് ഞങ്ങളെ ആകർഷിച്ചത്. നമ്മുടെ രാജ്യത്ത് സമാനമായ വെല്ലുവിളികൾ ഞങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആദ്യഘട്ടത്തിൽ 400 തിയേറ്ററുകളിലേക്ക് ‘2018’ എത്തിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്’, എം.ബി ഫിലിംസിന്റെ സി.ഇ.ഒ മാർസെലോ ബോൻസി പറഞ്ഞു.
മലയാള സിനിമാ മേഖലയിലെ വമ്പൻ താരനിര അണി നിരന്ന ചിത്രമാണ് ‘2018’. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ 2018- ലെ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം റെക്കോർഡ് കളക്ഷനാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. കൂടാതെ നിരവധി അവാർഡുകളും ‘2018’ കരസ്ഥമാക്കിയിരുന്നു.















