ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യക്ക് ലഭിച്ചിരുന്നു. കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും, രഹസ്യ സ്വഭാവമുള്ള കോടതിവിധിയാണിതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് കേസിൽ അപ്പീൽ നൽകിയെന്നും, ഖത്തർ അധികൃതരുമായി വിദേശകാര്യമന്ത്രാലയം ഈ വിഷയത്തിൽ ആശയവിനിമയം തുടരുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്. ഇവർ നൽകിയ ജാമ്യാപേക്ഷയും ഖത്തർ അധികൃതർ തള്ളിയിരുന്നു. തുടർന്ന് ഒക്ടോബറിലാണ് കോടതി ഇവർക്ക് വധശിക്ഷ വിധിക്കുന്നത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം.
നാവികസേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. ഖത്തറിൽ സൈനികസേവനം നൽകുന്ന ഈ കമ്പനിയുടെ ഉടമയായ ഖത്തർ പൗരനേയും ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ മോചിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.