ലക്നൗ: ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോഗം നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ അയോദ്ധ്യയിലെ ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ നടന്ന യോഗത്തിൽ രാമക്ഷേത്ര പുരോഗതികൾ ചർച്ച ചെയ്തു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ചരിത്രപരമായ മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ചു. അയോദ്ധ്യ തീർത്ഥ വികസന കൗൺസിലിന്റെ രൂപീകരണം സംബന്ധിച്ചും ചർച്ച നടന്നു.
ഗതാഗത സാധ്യതകൾ പര്യവേഷണം ചെയ്യുന്നതിനായി ഉൾനാടൻ ജലപാത അതോറിറ്റി രൂപീകരിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജലപാതകൾ വഴി ഗതാഗതവും വ്യാപരവും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിനുമായാകും അതോറിറ്റി പ്രവർത്തിക്കുകയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാമക്ഷേത്ര മ്യൂസിയത്തിനും മന്ത്രിസഭ പച്ചക്കൊടി വീശി. ഇതിനായി 25 ഏക്കർ സ്ഥലമാണ് അനുവദിക്കുക. ഹൈന്ദവ മതത്തെ കുറിച്ച് യുവതലമുറയിൽ അവബോധം വളർത്തുകയെന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. ക്ഷേത്രത്തിന്റെ രൂപകല്പന, നിർമ്മാണം തുടങ്ങി വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന വ്യത്യസ്ത ഗാലറികൾ മ്യൂസിയത്തിലുണ്ടാകും.
അയോദ്ധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്റർനാഷണൽ രാമായണ വേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.ഇന്തോ-നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേവിപട്ടൻ ഡിവിഷന്റെ വികസനം ശ്രദ്ധിക്കുന്ന മാ പടേശ്വരി ദേവിപട്ടൻ വികസന കൗൺസിൽ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മുസഫർനഗറിലെ ശുക്രതാളിന്റെ വികസനത്തിനായി ശുകർതീരത്ത് വികാസ് പരിഷത്ത് രൂപീകരിക്കാനുള്ള നിർദേശവും അംഗീകരിച്ചു. ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങളിൽ പ്രധാനപ്പെട്ടിയടങ്ങളാണ് ഇവ. പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്.
ചരിത്രപരമായ മന്ത്രിസഭ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി സഹപ്രവർത്തകർക്കൊപ്പം ഹനുമൻഗർഹിയിൽ ദർശനം നടത്തി. പിന്നാലെ ശ്രീരാമ ജന്മഭൂമി സമുച്ചയവും ശ്രീരാം ലാല വിരാജ്മാനും സന്ദർശിച്ചു. പുരാതന നഗരത്തിൽ മന്ത്രിസഭായോഗം നടത്തിയ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സർക്കാരിന്റെ ശ്രമങ്ങളും നീക്കങ്ങളും പ്രശംസിക്കപ്പെടേണ്ടതാണെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ മുസ്ലീം പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇഖ്ബാൽ അൻസാരി അഭിപ്രായപ്പെട്ടിരുന്നു.