യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയുമായി സഹകരണം ഉറപ്പാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. എയർബസ് -320 ന്റെ കീഴിലുള്ള വിമാനങ്ങളുടെ നവീകരണം, അറ്റകുറ്റപ്പണി, മറ്റ് പ്രവർത്തനങ്ങൾ ഇന്ത്യയിൽ തന്നെ ചെയ്യുന്നതിനായി എയർബസുമായി എച്ച്എഎൽ കരാറിൽ ഒപ്പുവെച്ചു.
മഹാരാഷ്‌ട്രയിലെ നാസികിലായിരിക്കും ഇതിനുള്ള സംവിധാനം ഒരുങ്ങുക. എയർബസുമായുള്ള സുദൃഢമായ ബന്ധവും സഹകരണവും ഭാരതത്തിന്റെ ആത്മനിർഭരതയെ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. വ്യവസായ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിൽ ശക്തി പകരാൻ പുതിയ പദ്ധതിക്ക് കഴിയുമെന്നും എച്ച്എഎൽ പ്രസ്താവനയിൽ പറഞ്ഞു.
വിമാനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി രാജ്യത്ത് സംയോജിത എംആർഒ (Maintenance, Repair and Operations) ഹബ്ബ് സ്ഥാപിക്കുന്നതിനും എച്ച്എഎൽ പദ്ധതിയിടുന്നു. ആഭ്യന്തര- സൈനിക സംയോജനത്തിനും ഇത് ഉപകാരപ്രദമാകുമെന്ന് എച്ച്എഎല്ലിന്റെ സിഇഒ സാകേത് ചതുർവേദി പറഞ്ഞു. വ്യോമ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ആത്മനിർഭർ ഭാരതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സുപ്രധാന പങ്ക് വഹിക്കാണ ഈ നീക്കം സഹായകമാകും.