തിരുവനന്തപുരം: നിയോജക മണ്ഡലങ്ങൾ തോറുമുളള സർക്കാരിന്റെ നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണബാങ്കുകളെ പിഴിയാൻ സർക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസ് ആർഭാടപൂർവം നടത്താനായാണ് സഹകരണ ബാങ്കുകളോട് പണം ചിലവഴിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് അതത് ജില്ലകളിലെ മന്ത്രിമാരാണ് എത്തുക. മന്ത്രിമാരെത്തുന്ന വേദികളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവ് കണ്ടെത്താൻ വേണ്ടി സഹകരണ ബാങ്കുകൾ സഹകരിക്കണമെന്ന നിർദ്ദേശമാണ് ഉത്തരവിലുള്ളത്. പരസ്യത്തിലേക്കായി സഹകരണ ബാങ്കുകൾ ചിലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
അതത് സംഘാടന സമിതി ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരേയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരേയും ചിലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ് സഹകരണ രജിസ്ട്രാർ ഉത്തരവിട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനം ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.















